Kerala
കോട്ടയം: ചേര്ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്, ചേര്ത്തല നഗരസഭ ഏഴാം വാര്ഡ് നെടുമ്പ്രക്കാട് വെളിയില് ഐഷ എന്നിവരുടെ തിരോധാനത്തില് ക്രൈം ബ്രാഞ്ചിന് നിര്ണായകമായ സൂചനകള്.
ഇരുവരെയും ചേര്ത്തല പള്ളിപ്പുറം സ്വദേശി ചെങ്ങുംതറ സെബാസ്റ്റ്യനും കൂട്ടാളികളും ചേര്ന്ന് അരുംകൊല ചെയ്തുവെന്നതിന് സാഹചര്യ തെളിവുകള് ലഭിച്ച സാഹചര്യത്തില് സെബാസ്റ്റ്യനെ ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയില് വാങ്ങും.
അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്ന കേസില് സെബാസ്റ്റ്യന് റിമാന്ഡിലാണ്. ഈ കേസില് രണ്ടു തവണ ജുഡീഷല് കസ്റ്റഡിയില് ചോദ്യം ചെയ്തിട്ടും പ്രതി മൗനം പാലിക്കുകയാണ്. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിൻ, പൊന്നപ്പന്, മനോജ് എന്നീ കൂട്ടാളികള് ചേര്ന്ന് സെബാസ്റ്റ്യന്റെ വീട്ടില്വച്ചു വകവരുത്തിയെന്നാണ് സൂചന.
ഫ്രാങ്ക്ളിനെ ഉടന് കസ്റ്റഡിയിലെടുക്കും. ഐഷയെ ക്വട്ടേഷന് സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നും സെബാസ്റ്റ്യന് നേരിട്ട് ഇതില് പങ്കുചേര്ന്നില്ലെന്നുമാണ് സൂചന. സെബാസ്റ്റ്യന് പലപ്പോഴായി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈൽ ഫോണുകളുടെ കോള് ഡേറ്റ പരിശോധിച്ചുള്ള അന്വേഷണത്തിലാണു കൂട്ടാളികളെക്കുറിച്ച് വിവരം ലഭിച്ചത്.
ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും വസ്തു ഇടനിലക്കാരനായ സുഹൃത്ത് ഫ്രാങ്ക്ളിനും ചേര്ന്ന് പള്ളിപ്പുറത്തെ വീട്ടില് ശുചിമുറിയില്വച്ചു കൊലപ്പെടുത്തിയതായി പ്രദേശവാസിയായ ശശികല നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവില് അന്വേഷണം. സെബാസ്റ്റ്യന്റെ സുഹൃത്ത് അയല്വാസിയായ റോസമ്മയ്ക്ക് ഇക്കാര്യങ്ങൾ വ്യക്തമായി അറിയാമെന്ന് പോലീസ് കരുതുന്നു.
പലതവണ ചോദ്യം ചെയ്തപ്പോഴും ഇവര് പരസ്പരവിരുദ്ധമായ മറുപടിയാണ് നല്കുന്നത്. പള്ളിപ്പുറത്തെ വീട്ടുവളപ്പില്നിന്നു കണ്ടെടുത്ത അസ്ഥിയുടെ ഡിഎന്എ ഫലം അടുത്തദിവസം പുറത്തുവരുമ്പോള് കൊല്ലപ്പെട്ടത് ആരെന്ന് വ്യക്തമാകും. സെബാസ്റ്റ്യന്റെ വീട്ടില്നിന്ന് കണ്ടെടുത്ത രക്തസാമ്പിളുകള് അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടേതാണെന്ന് ഫോറന്സിക് പരിശോധനയില് വ്യക്തമായിട്ടുണ്ട്.
ഇതുകൂടാതെ സിന്ധുവിന്റെ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്കുള്ളതായാണ് സംശയിക്കുന്നത്. ചേര്ത്തല നഗരസഭ ഏഴാം വാര്ഡ് നെടുമ്പ്രക്കാട് വെളിയില് ഐഷയെ അഞ്ച് വര്ഷങ്ങള്ക്ക് മുന്പാണ് കാണാതായത്. സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാട് ഇവര്ക്കും ഉണ്ടായിരുന്നു.
<b>മനോജിന്റെ മരണത്തിലും ദുരൂഹത</b>
ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ച വേളയിലാണ് സെബാസ്റ്റ്യന്റെ വിശ്വസ്തനും ഇടപാടുകളില് സഹായിയുമായ ഓട്ടോറിക്ഷാ ഡ്രൈവര് പള്ളിപ്പുറം തൈക്കൂട്ടത്തില് എസ്. മനോജിനെ (46) 2018 ജൂണ് 28ന് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
ബിന്ദുവിന്റെ കൊലപാതകം സംബന്ധിച്ച് സെബാസ്റ്റ്യനും താനുള്പ്പെടെ കൂട്ടാളികള്ക്കുമുള്ള പങ്ക് പറയേണ്ടിവരുമെന്ന ഭീതിയില് ജീവനൊടുക്കിയതായാണ് നാട്ടില് പറയുന്നത്. എന്നാല് മനോജ് സംഭവങ്ങള് പോലീസിനോടു പറയുമോ എന്ന സംശയത്തില് സെബാസ്റ്റ്യന് കൊലപ്പെടുത്തിയെന്നാണ് നിലവിലെ സംശയം.
സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്ര ചെയ്തിരുന്നതു മനോജിന്റെ ഓട്ടോയിലായിരുന്നു. ബിന്ദു തിരോധാനക്കേസില് മനോജിനെ മുന്പും ചോദ്യം ചെയ്തിരുന്നു. എന്നാല് മനോജ് ബിഗ് ഷോപ്പറില് നിറയെ നോട്ടുകളുമായി പോകുന്നതു കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില് വീണ്ടും ചോദ്യം ചെയ്യാന് പോലീസ് വിളിപ്പിച്ചു.
ഇയാളെ ചോദ്യം ചെയ്താല് അക്കാലത്ത് ഒളിവിലായിരുന്ന സെബാസ്റ്റ്യനെ കണ്ടെത്തുന്നതിനൊപ്പം കൂടുതല് വിവരങ്ങളും ലഭിക്കുമെന്നു പോലീസ് പ്രതീക്ഷിച്ചിരുന്നു. ബിഗ് ഷോപ്പറില് കൊണ്ടുപോയത് അമ്മാവനു ലോട്ടറി അടിച്ച പണമാണെന്നാണു സുഹൃത്തുക്കളോട് ഇയാൾ പറഞ്ഞത്.
സെബാസ്റ്റ്യന്റെ നാട്ടിലെ വിളിപ്പേരാണ് അമ്മാവന്. വിവരം ലഭിച്ച പോലീസ് ചോദ്യം ചെയ്യാന് വിളിപ്പിച്ച ദിവസം രാവിലെ വീട്ടില് മനോജ് തൂങ്ങിമരിക്കുകയായിരുന്നു.
Kerala
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടേതുള്പ്പെടെ നാലു സ്ത്രീകളുടെ തിരോധാനക്കേസില് കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില് വിട്ട ചേര്ത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യ(67)നെ വീണ്ടും ചോദ്യം ചെയ്യുന്നു.
ഓഗസ്റ്റ് 12 വരെയാണ് ഏറ്റുമാനൂര് മജിസ്ട്രറ്റ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ക്രൈംബ്രാഞ്ച് തുടരെ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന് വ്യക്തമായ മറുപടി നല്കുന്നില്ല. ഇയാള് അന്വേഷണ സംഘത്തോടു സഹകരിക്കുന്നില്ല. സെബാസ്റ്റ്യന്റെ ഭാര്യ സുബി, ചേര്ത്തലയിലെ സുഹൃത്തായ റോസമ്മ എന്നിവരെ വീണ്ടും ചോദ്യംചെയ്തേക്കും.
വ്യാഴാഴ്ച രാത്രിയില് സെബാസ്റ്റ്യന്റെ ഭാര്യവീട്ടില് പോലീസ് നടത്തിയ മിന്നല് പരിശോധനയില് ഇയാളുടെ കാറില് നിന്നു ചുറ്റിക, കത്തി, ഡീസല് കന്നാസ്, പഴ്സ് എന്നിവ കണ്ടെത്തിയിരുന്നു. കണ്ടെടുത്ത 20 ലീറ്ററിന്റെ കന്നാസില് ഡീസല് വാങ്ങിയതാണെന്ന് പോലീസ് സ്ഥീരികരിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിലും സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയേക്കുമെന്നാണ് സുചന. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില് കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്എ ഫലം ഇന്നോ നാളെയോ അറിയാനാകും. ജെയ്നമ്മ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല് സെബാസ്റ്റ്യന്റെ വലയിലായശേഷം കാണാതായ ചേര്ത്തല സ്വദേശികളായ ബിന്ദു, ഐഷ, സിന്ധു എന്നിവരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ഇവരെയെല്ലാം സെബാസ്റ്റ്യന് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഡിഎന്എ പരിശോധനയ്ക്കായി ബിന്ദുവിന്റെ സഹോദരന് പ്രവീണിന്റെ രക്ത സാംപിള് കൂടി പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര് ഉപയോഗിച്ച് വ്യാഴാഴ്ച പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലും, സുഹൃത്ത് റോസമ്മ, കാണാതായ ബിന്ദു പത്മനാഭന് എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ജെയ്നമ്മയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നത് കോട്ടയം ക്രൈം ബ്രാഞ്ചും ചേര്ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്, സിന്ധു, ഐഷ എന്നിവരുടെ തിരോധാനം അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈംബ്രാഞ്ചുമാണ്.